കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ അപ്പീലിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി.
നാല് വർഷം തടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ച കോട്ടയം വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്നും ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്നുമാണ് തച്ചങ്കരിയുടെ ആവശ്യം. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
2003-2007 കാലയളവിൽ വരുമാനത്തേക്കാൾ 135% അധിക സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. സ്വത്തുക്കൾ കുടുംബ സ്വത്താണെന്നും വിധിയിൽ നിയമപരമായ പിഴവുണ്ടെന്നുമാണ് തച്ചങ്കരിയുടെ വാദം.
എന്നാൽ ശിക്ഷ മരവിപ്പിക്കുന്നതിനെ സർക്കാർ ശക്തമായി എതിർത്തു. ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെട്ട ഗൗരവമുള്ള കേസാണിതെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
"നിയമത്തിന് മുന്നിൽ മുഖ്യമന്ത്രിയും ഡിജിപിയും തുല്യരാണ്" എന്ന് കോടതി വാക്കാൽ പരാമർശിച്ചു. സർക്കാരിന് മറുപടി നൽകാൻ സമയം അനുവദിച്ചു.