കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണയുടെ നടപടിക്കെതിരെ യുഡിഎഫിനും കോൺഗ്രസിനും ഉള്ളിൽ പരസ്യ പ്രതിഷേധം ശക്തമാകുന്നു. വർ​ഗീയത മാത്രം പറയുന്ന വെള്ളാപ്പള്ളി നടേശനെ വീട്ടിൽ പോയി കാണേണ്ട യാതൊരു സാഹചര്യവുമില്ലെന്നും, മന്ത്രി ബിന്ദു കൃഷ്ണ തന്റെ നടപടി തിരുത്തണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ ആവശ്യപ്പെട്ടു. മന്ത്രിയുടെ ഈ സന്ദർശനം യുഡിഎഫ് പ്രവർത്തകരെയും ന്യൂനപക്ഷങ്ങളെയും ആകെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ദുൽഖിഫിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ 'മാറാട്' പോലുള്ള വർ​ഗീയ കലാപങ്ങൾ ആവർത്തിക്കുമെന്ന് പറഞ്ഞ് വോട്ട് ധ്രുവീകരണത്തിന് ശ്രമിച്ചയാളാണ് വെള്ളാപ്പള്ളിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മലബാർ മേഖലയെയും യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിനെയും ലക്ഷ്യമിട്ട് ആർഎസ്എസിനേക്കാൾ ഭീകരമായ രീതിയിൽ വിഷം തുപ്പുന്ന നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിച്ചു പോന്നത്. പുതിയ മുഖ്യമന്ത്രി വി.ഡി സതീശനെപ്പോലും വ്യക്തിപരമായി അധിക്ഷേപിച്ച ഒരു സാമുദായിക നേതാവിനെ യുഡിഎഫ് മന്ത്രിസഭയിലെ ഒരംഗം പോയി കണ്ടത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. മന്ത്രിയുടെ സന്ദർശന ദൃശ്യങ്ങൾ വെള്ളാപ്പള്ളിയുടെ ഔദ്യോഗിക പേജിലൂടെ പുറത്തുവന്നത് കോൺഗ്രസ് അണികൾക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.