ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ച് സുപ്രിം കോടതി. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍, മറ്റു രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ അംഗീകാരമില്ലാതെ തീരുമാനങ്ങളെടുത്തെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ നല്‍കിയ ഹരജികള്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഹരജിയില്‍ കേസ് തുടരുന്നതിന് മുന്‍പായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം ആവശ്യമാണെന്നും സുപ്രിംകോടതി പറഞ്ഞു. അതേസമയം ഗ്യാനേഷിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.
പരിഷ്‌കരിച്ച ഫോം 6-ന് സുപ്രിംകോടതി അനുമതി നല്‍കിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ യാതൊരുവിധ അവ്യക്തതയും വേണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേര്‍ത്തു. ഫോം 6 ലെ മാറ്റത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ അവകാശവാദം കോടതി പൂര്‍ണമായും തള്ളി.
ഫോം 6 ല്‍ ആരാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് കോടതി പരിശോധിക്കും. 10 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണം. തെറ്റായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കുമെന്നും കമ്മീഷന്‍ നിയമം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.- സുപ്രിംകോടതി പറഞ്ഞു.