ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർച്ചയിലും വ്യാപകമായ പിഴവുകളിലും പ്രതിഷേധിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പിരിച്ചുവിടണമെന്ന് ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ). ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളുടെ പരീക്ഷകൾ വീണ്ടും നടത്താൻ എൻടിഎ തീരുമാനിച്ചതിന് പിന്നാലെയാണ് വിദ്യാർഥി സംഘടനയുടെ പ്രതിഷേധം.
സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതാണ് പരീക്ഷ റദ്ദാക്കാൻ കാരണമെന്ന് ഐസ ആരോപിച്ചു. ഇതൊരു ക്രിമിനൽ കുറ്റമാണെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു. പരീക്ഷ നടന്ന ആദ്യ ദിവസം മുതൽ ചോദ്യപ്പേപ്പർ ചോർച്ച വിദ്യാർഥികൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ തെളിവുകൾ കൺമുന്നിലുണ്ടായിട്ടും ഇക്കാര്യം തിരിച്ചറിയാൻ സർക്കാരിന് ഒരു മാസത്തിലധികം സമയമെടുത്തുവെന്ന് ഐസ കുറ്റപ്പെടുത്തി. മോദി സർക്കാരിൻ്റെ പുതിയ വിദ്യാഭ്യാസ നയവും എൻടിഎ പോലൊരു ഉത്തരവാദിത്തമില്ലാത്ത ഏജൻസിയുമാണ് വിദ്യാർഥികളുടെ ഭാവിവച്ച് കളിക്കുന്നതെന്നും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.
എൻടിഎ പിരിച്ചുവിടുക മാത്രമാണ് ഏക പോംവഴിയെന്ന് ഐസ ചൂണ്ടിക്കാട്ടി. പരീക്ഷകൾ നടത്താൻ ഏജൻസിക്ക് കഴിവില്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ എൻടിഎ പിരിച്ചുവിടണമെന്ന് രാജ്യത്തെ വിദ്യാർഥി സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നു. പരീക്ഷാ ക്രമക്കേടുകൾക്ക് ജയിൽ ശിക്ഷയും പിഴയും വർധിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി നിയമം 2026 പ്രകാരം കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ഐസ ആവശ്യപ്പെട്ടു. ചോദ്യപ്പേപ്പർ തയ്യാറാക്കിയവരുൾപ്പെടെ ക്രമക്കേടിൽ പങ്കുള്ള മുഴുവൻ പേരെയും പുറത്താക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തി വേഗത്തിൽ ശിക്ഷ ഉറപ്പാക്കണമെന്നും സംഘടന വ്യക്തമാക്കി.
ചോദ്യപ്പേപ്പറിൽ വ്യാപകമായ തെറ്റുകൾ കടന്നുകൂടിയെന്ന പരാതികളെത്തുടർന്ന് എൻടിഎ പ്രത്യേക സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തിയിരുന്നു. ഈ സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് മൂന്ന് വിഷയങ്ങളുടെ പരീക്ഷകൾ വീണ്ടും നടത്താൻ തീരുമാനിച്ചതെന്ന് എൻടിഎ എക്സിൽ കുറിച്ചു. വസ്തുതാപരമായ പിഴവുകൾ, അക്ഷരത്തെറ്റുകൾ, വിവർത്തനത്തിലെ പാളിച്ചകൾ എന്നിവയുൾപ്പെടെ വലിയ വീഴ്ചകളാണ് സമിതി കണ്ടെത്തിയത്. പ്രമുഖരായ പണ്ഡിതരുടെ പേരുകൾ തെറ്റായി നൽകിയതും പുസ്തകങ്ങളുടെ പേരുകൾ അവ്യക്തമാക്കിയതും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ചോദ്യങ്ങളുടെ അടിസ്ഥാന ഘടനയിലുള്ള പിഴവുകളും വ്യാകരണ തെറ്റുകളും സമിതിയുടെ അന്വേഷണത്തിൽ വ്യക്തമായി.