വയനാട്: എക്സൈസ് വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന 'ഓപ്പറേഷൻ തണ്ടർ'-ന്റെ ഭാഗമായി അമ്പലവയലിൽ കഞ്ചാവ് ചെടി വളർത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി താലൂക്കിലെ അമ്പലവയൽ വില്ലേജിൽ പുതുക്കാട് തടത്തിൽ വീട്ടിൽ റെജി ടി പി (60) ആണ് പിടിയിലായത്.
വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ യുടെ നേതൃത്വത്തിൽ അമ്പലവയൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. കുറ്റികൈത - പുതുക്കാട് - മഞ്ഞപ്പാറ റോഡിൽ പുതുക്കാട് ഭാഗത്തുള്ള റെജിയുടെ പുരയിടത്തിൽ നിന്ന് 360 സെന്റിമീറ്റർ ഉയരവും 60 ഓളം ശിഖരങ്ങളുമുള്ള കഞ്ചാവ് ചെടി എക്സൈസ് സംഘം പിടിച്ചെടുത്തു.
വലിക്കാൻ ഉപയോഗിച്ച കഞ്ചാവിൽ നിന്ന് ലഭിച്ച കുരു മുളപ്പിച്ചതാണെന്ന് പ്രതി അധികൃതരോട് സമ്മതിച്ചു. 10 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
പ്രിവന്റീവ് ഓഫീസർ വിജിത്ത് കെ ജി, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് എം, അനീഷ് ഇ എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഫസീല ടി, ഡ്രൈവർ പ്രസാദ് കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
പ്രതിയെ തുടർനടപടികൾക്കായി മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.