കൊച്ചി: റെക്കോഡിലെത്തിയതിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം ഇടിഞ്ഞ സ്വർണവില ഇന്ന ് വർധിച്ചു. നേരിയ വർധനവാണ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 30 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 14,880 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്. പവന്റെ വിലയിൽ 240 രൂപയുടെ വർധനവുണ്ടായി. 1,19,040 രൂപയായാണ് പവൻ വില ഉയർന്നത്.

രാജ്യാന്തര വിപണിയിലും സ്വർണവില ഉയർന്നിട്ടുണ്ട്. സ്പോട്ട് ഗോൾഡ് നിരക്ക് 0.4 ശതമാനം ഉയർന്ന് ഔൺസിന് 4,706.70 ഡോളറായി. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.2 ശതമാനം ഉയർന്ന് ഔൺസിന് 4,713.40 ഡോളറായി ഉയർന്നു. ഡോണൾഡ് ട്രംപ്-ഷീ ജിങ് പിങ് കൂടിക്കാഴ്ചയെയാണ് നിക്ഷേപകർ കൗതുകത്തോടെ ഉറ്റുനോക്കുന്നത്.

ഇറാൻ യുദ്ധം തീർക്കാൻ ട്രംപ് ചൈനയുടെ സഹായം തേടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ സാഹചര്യം നിരീക്ഷിച്ച് നിക്ഷേപകർ കരുതലെടുക്കുന്നതാണ് സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമില്ലാത്തതിനുള്ള കാരണം. വരും ദിവസങ്ങളിൽ ചർച്ചയുടെ ഗതിയനുസരിച്ച് സ്വർണവിലയിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബോംബെ സൂചിക സെൻസെക്‌സിൽ 200 പോയിന്റിലേറെ നേട്ടമുണ്ടായി. ദേശീയ സൂചിക നിഫ്റ്റി 100 പോയിൻ്റിനടുത്ത് ഉയർന്നു. പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ ഉത്തരവ് മൂലം ഷുഗർ മില്ലകളുടെ ഓഹരികൾക്ക് വിപണിയിൽ കനത്ത തിരിച്ചടിയേറ്റിട്ടുണ്ട്.