കൊച്ചി: എറണാകുളം ചമ്പക്കര കനാലിൽ മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആറരയോടെ തൈക്കുടം ഭാഗത്താണ് മൃതദേഹം ഒഴുകിനടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. കറുത്ത ടീഷർട്ടും കറുത്ത ട്രാക്ക് സ്യൂട്ടുമാണ് വേഷം. മൃതദേഹത്തിന് രണ്ട് മുതൽ മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.
വഞ്ചിക്കാരാണ് കനാലിലൂടെ മൃതദേഹം ഒഴുകുന്നത് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മരട് പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ചമ്പക്കര പാലത്തിന് സമീപമുള്ള ബോട്ട് ജെട്ടിയിൽ മൃതദേഹം കരയ്ക്കടിപ്പിച്ചു.
മരട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിലവിൽ ആളെ കാണാതായ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മൃതദേഹം മറ്റെവിടെനിന്നെങ്കിലും ഒഴുകി വന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരിച്ചറിയുന്നതിനായി സമീപ പ്രദേശങ്ങളിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറും.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.