കുന്ദമംഗലം: കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങിയ 6 എക്സൈസ് ഉദ്യോഗസ്ഥരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
ഇന്ന് ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം. നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ എത്തിയപ്പോൾ ലിഫ്റ്റ് പെട്ടെന്ന് പ്രവർത്തനരഹിതമായി. ലിഫ്റ്റിൽ കുടുങ്ങിയ ഉദ്യോഗസ്ഥരിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ മറ്റുജീവനക്കാർ ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
വിവരമറിഞ്ഞ് വെള്ളിമാടുകുന്ന് യൂണിറ്റ് സ്ഥലത്തെത്തി. ഹൈഡ്രോളിക് സ്പ്രെഡർ ഉപകരണം ഉപയോഗിച്ച് ലിഫ്റ്റ് തുറന്ന് എല്ലാ ഉദ്യോഗസ്ഥരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി. ബാബുവിന്റെ നേതൃത്വത്തിൽ ജിതേഷ്, അനീഷ്, ജിതിൻബാബു, സുബിൻ, അഷറഫ്, ഹോം ഗാർഡ് സത്യൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.