ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ പ്രതിഷേധക്കാരെ മർദിച്ച സംഭവത്തിൽ കേസ് ആട്ടിമറിക്കാൻ ശ്രമിച്ചത് എഡിജിപി എം.ആർ അജിത് കുമാർ. കേസിൽ എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കേസ് അട്ടിമറിക്കാൻ എം.ആർ അജിത് കുമാർ ശ്രമിച്ചു. കേസ് ഡയറി തിരുത്താൻ നിർദേശം നൽകി. റിപ്പോർട്ട് തിരുത്താൻ ആലപ്പുഴ ഡിവൈഎസ്പി സുനിൽ രാജിനെ എഡിജിപിയുടെ ഓഫീസിലേക്ക് മൂന്ന് തവണ രഹസ്യമായി വിളിച്ചുവരുത്തി.
ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധവും ക്രിമിനൽ കുറ്റവുമാണെന്ന റിപ്പോർട്ട് ആണ് തിരുത്തിയത്. മുൻ ആലപ്പുഴ എസ്പി നൽകിയ റിപ്പോർട്ടും അന്നത്തെ ആഭ്യന്തര വകുപ്പ് പൂഴ്ത്തിവെച്ചതായും പുതിയ അന്വേഷണത്തിൽ കണ്ടെത്തിരുന്നു.
അതേസമയം, കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തും. ആലപ്പുഴ എംഎൽഎ എ.ഡി തോമസ്, യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജോയൽ കുര്യാക്കോസ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. സംഭവത്തിൽ ഗൺമാൻ മാരുടെ മൊഴിയും ഉടൻ രേഖപ്പെടുത്താൻ ആണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത് ചട്ടവിരുദ്ധമാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തൽ. നാല് പൊലീസുകാർ ചട്ടം ലംഘിച്ചു. പ്രതിഷേധക്കാരെ ലോക്കൽ പൊലീസ് നിയന്ത്രിച്ചിരുന്നു. മാറ്റിനിർത്തിയ പ്രതിഷേധക്കാരെ മർദിക്കേണ്ട സാഹചര്യമുണ്ടായില്ല. മർദിക്കാൻ ഉപയോഗിച്ച ലാത്തിക്ക് സമാനമായ വടിയും ചട്ടവിരുദ്ധമാണ്. ഗൺമാന്മാരുടെ ചുമതലയിൽപ്പെടാത്ത കാര്യങ്ങളാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് ദിവസത്തിനുള്ളിൽ എസ്ഐടി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകും.
അതിനിടെ, മർദനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുൻ ആഭ്യന്തരവകുപ്പ് പൂഴ്ത്തിതായി റിപ്പോർട്ട്. ആലപ്പുഴ എസ്‌പിയുടെ റിപ്പോർട്ടാണ് പഴയ ആഭ്യന്തര വകുപ്പ് പൂഴ്ത്തിയത്. മർദനം അവമതിപ്പുണ്ടാക്കിയെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ആലപ്പുഴ എസ്‌പിയായിരുന്ന ചൈത്ര തെരേസ ജോൺ ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. തുടർന്ന് ഡിജിപി ഈ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയെങ്കിലും യാതൊരുവിധ തുടർനടപടികളും ഉണ്ടായില്ല.