മഞ്ചേരി സുഹൃത്തുക്കളോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കരിക്കാട് പടിഞ്ഞാറേ കൊല്ലേരി പി കെ ശ്രീനിവാ സൻ, ശാരി ദമ്പതികളുടെ മകൻ ശ്രീഹരി (19) ആണ് മരിച്ചത്.
ഞായർ പകൽ പന്ത്രണ്ടരയോടെ കരിക്കാട് സുബ്രഹ്മണ്യ ക്ഷേത്രക്കുളത്തിലാണ് സംഭവം. കൂട്ടുകാരനോടൊപ്പം കുളത്തിൽ നീന്തുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും നൽകിയ വിവരത്തെ തുടർന്ന് മഞ്ചേരി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
പിന്നാലെ നടത്തിയ തിരച്ചിലിലാണ് ശ്രീഹരിയെ കണ്ടെത്തിയത്. മഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പ്ലസ്ടു പൂർത്തിയാക്കിയ ശ്രീഹരി തുടർപഠനത്തിനായി തയ്യാറെടുക്കുന്നതിനിടെയാണ് അപകടം. സഹോദരി: ശ്രീലക്ഷ്മി.