നാദാപുരം: വയോധികയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 17വര്‍ഷ കഠിന തടവും പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. നാദാപുരം വെള്ളൂര്‍ സ്വദേശി മോറത്ത് മീത്തല്‍ രജീഷ് (40) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍.കെ.മേനോന്‍ ശിക്ഷിച്ചത്.

2022 നവംബര്‍ മാസം 13 ആം തീയതി വൈകുന്നേരം 3.30 നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഒറ്റയ്ക്കിരുന്ന് ടിവി കാണുകയായിരുന്ന 66 വയസ്സുള്ള വയോധികയുടെ വീട്ടില്‍ ചിരട്ട വാങ്ങാന്‍ എന്ന വ്യാജേന അതിക്രമിച്ചു കയറിയ പ്രതി വായ പൊത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി തള്ളിയിട്ടു ബലാല്‍സംഗത്തിന് മുതിരുകയായിരുന്നു. പരിക്കുപറ്റിയ വയോധികയെ ബന്ധുക്കളുടെയും പരിസരവാസികളുടെയും സഹായത്താല്‍ ഉടന്‍ നാദാപുരം പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പരാതി നല്‍കുകയും തുടര്‍ന്ന് നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു.

കേസിലെ പ്രതിയുടെ കുറ്റസമ്മത മൊഴിയുടെയും സാക്ഷി മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലും ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കോടതിയില്‍ വിചാരണയ്ക്കിടെ പരാതിക്കാരിയുടെ അയല്‍വാസികളായ രണ്ടുപേര്‍ പ്രതിക്ക് അനുകൂലമായി കൂറുമാറി മൊഴി നല്‍കിയിരുന്നു.

നാദാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മാരായ വിനീത് വിജയന്‍ കെ അബ്ദുള്ള എന്നിവരാണ് കേസ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.