അബുദാബി: അബുദാബി അൽ മുസഫ ഐക്കാഡ് 3 വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ തീപിടിത്തമുണ്ടായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞയുടൻ അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു.

തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായതായി അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും അബുദാബി പൊലീസ് അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസം അൽ ബഹിയ പ്രദേശത്തെ ഫാമിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് സംഘം കൃത്യസമയത്ത് ഇടപെട്ട് അണച്ചത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ആ സംഭവത്തിലും ആർക്കും പരിക്കേറ്റിരുന്നില്ല.