റിയാദ്: കാലാവധി കഴിഞ്ഞ വര്‍ക്ക്‌പെര്‍മിറ്റുകള്‍ പുതുക്കുകയോ ജീവനക്കാരുടെ സേവനം മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റുകയോ ചെയ്യുന്നതിനുള്ള അവസാന തീയതിയായി ജൂണ്‍ 30 (ചൊവ്വാഴ്ച) സൗദി അറേബ്യ നിശ്ചയിച്ചു. ഈ സമയപരിധിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത തൊഴിലുടമകളുടെ കീഴിലുള്ള മൂന്ന് മാസത്തിലേറെയായി വര്‍ക്ക് പെര്‍മിറ്റ് കാലഹരണപ്പെട്ട വിദേശ തൊഴിലാളികളെ ബുധനാഴ്ച (ജൂലൈ ഒന്ന്) മുതല്‍ തൊഴിലുടമകളുടെ ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള കിവ (Qiwa) പ്ലാറ്റ്‌ഫോം അറിയിച്ചു.

വര്‍ക്ക്‌പെര്‍മിറ്റ് കാലാവധി കഴിഞ്ഞ ശേഷവും തൊഴിലാളികളെ നിയമവിരുദ്ധമായി ജോലിയില്‍ തുടരാന്‍ അനുവദിച്ചാല്‍, തൊഴിലാളിയെ രേഖകളില്‍ നിന്ന് നീക്കം ചെയ്താലും അതുവരെയുള്ള വര്‍ക്ക്‌പെര്‍മിറ്റ് ഫീസും മറ്റ് സാമ്പത്തിക ബാധ്യതകളും ബന്ധപ്പെട്ട തൊഴിലുടമ തന്നെ വഹിക്കേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം തൊഴിലാളിയുടെ താമസാനുമതിയായ ഇഖാമയ്ക്ക് കുറഞ്ഞത് 180 ദിവസമെങ്കിലും കാലാവധി ശേഷിക്കുന്നുണ്ടെങ്കില്‍, വര്‍ക്ക്‌പെര്‍മിറ്റ് കാലഹരണപ്പെട്ടാലും അത് പുതുക്കാന്‍ തൊഴിലുടമയ്ക്ക് കഴിയാത്ത സാഹചര്യമുണ്ടായാലും തൊഴിലാളിയെ രേഖകളില്‍ നിന്ന് നീക്കില്ലെന്ന് കിവ അറിയിച്ചു.

എന്നാല്‍ ഇഖാമയുടെ കാലാവധി 180 ദിവസത്തില്‍ താഴെയാണെങ്കില്‍ തുടര്‍നടപടികള്‍ ഒഴിവാക്കാന്‍ ഇഖാമയും വര്‍ക്ക്‌പെര്‍മിറ്റും ഒരുമിച്ച് പുതുക്കേണ്ടത് നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അവസാന തീയതിക്ക് മുമ്പായി വര്‍ക്ക്‌പെര്‍മിറ്റ് പുതുക്കുകയോ ജീവനക്കാരുടെ സേവനം മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് കിവ തൊഴിലുടമകളോട് നിര്‍ദേശിച്ചു. കുടിശ്ശികയായ വര്‍ക്ക്‌പെര്‍മിറ്റ് ഫീസുകള്‍ അടച്ച് തീര്‍ക്കാത്ത പക്ഷം നിയമനടപടികളും അധിക സാമ്പത്തിക ബാധ്യതകളും നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.

സൗദിയിലെ പുതിയ നടപടി ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളെയും തൊഴിലുടമകളെയും ബാധിക്കാനിടയുള്ളതിനാല്‍ സമയപരിധിക്ക് മുമ്പ് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ ആഹ്വാനം ചെയ്തു.