റിയാദ്: ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. 309 പേർക്ക് പരിക്കേറ്റു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്.
പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേഷം സൗദിക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
പരിക്കേറ്റവരിൽ നിരവധി പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ നാല് പേർ സൗദി പൗരന്മാരാണ്. ബംഗ്ലാദേശ്, ജോർദാൻ, ഈജിപ്ത്, പലസ്തീൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവരും മരിച്ചവരിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ അമേരിക്കൻ പൗരനാണ്.
റിയാദിന് പിന്നാലെ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. സൗദി പോർവിമാനങ്ങൾ പ്രത്യാക്രമണം നടത്തിയതായാണ് വിവരം.
കിങ് ഖാലിദ് വിമാനത്താവളത്തിലെ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്. വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് റിയാദിലേക്കുള്ള സർവീസുകൾ വിമാനക്കമ്പനികൾ താത്കാലികമായി നിർത്തിവെച്ചു.