കണ്ണൂർ: മട്ടന്നൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാർ എക്സൈസ് പിടിയിൽ. മലപ്പുറം പുതുപൊന്നാനി സ്വദേശി ഡോ. ഇർഷാദ്, തലശ്ശേരി വടക്കുമ്പാട് കൂളി ബസാർ സ്വദേശി ഡോ. സിദ്ധാർത്ഥ് എന്നിവരാണ് പിടിയിലായത്.
മട്ടന്നൂരിലെ സ്കൈ പാലസ് ബാറിന്റെ റൂമിലും ഥാർ ജീപ്പിലുമായി സൂക്ഷിച്ച 2.809 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ലഹരി സൂക്ഷിക്കാൻ ഉപയോഗിച്ച ഥാറും എക്സൈസ് പിടിച്ചെടുത്തു.
ഒരാൾ ബെംഗളൂരുവിലെ പിജി മെഡിക്കൽ വിദ്യാർത്ഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറുമാണ്. ബാംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് ഇവർ മൊഴി നൽകി.
എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അസി. എക്സൈസ് ഇൻസ്പെക്ടർ പി അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
ഇവരെ മട്ടന്നൂർ ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾ വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിൽ നടക്കും.