ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞ് വീശിയടിച്ച ശക്തമായ മണൽക്കാറ്റിൽ വ്യാപക നാശനഷ്ടം. നഗരകാശത്തെ പൂർണ്ണമായും വിഴുങ്ങിയ കട്ടിയുള്ള പൊടിപടലങ്ങൾ പകൽവെളിച്ചത്തെ പാടേ ഇല്ലാതാക്കി കടും ഇരുട്ടിലേക്ക് നയിച്ചു. നഗരത്തിലേക്ക് മഞ്ഞനിറത്തിലുള്ള കൂറ്റൻ മണൽമതിൽ കണക്കെ പൊടിപടലങ്ങൾ ഇരച്ചുകയറുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കനത്ത മണൽക്കാറ്റിനെ തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം കാഴ്ചപരിധി പൂർണ്ണമായും തടസ്സപ്പെട്ടു. അന്തരീക്ഷം മഞ്ഞ കലർന്ന തവിട്ടുനിറത്തിലുള്ള പ്രകാശത്താൽ മൂടപ്പെട്ടത് വാഹനയാത്ര അതീവ അപകടകരമാക്കി. ഇതോടെ ജനങ്ങൾ പരിഭ്രാന്തരാവുകയും വീടുകൾക്കുള്ളിലും സുരക്ഷിത കേന്ദ്രങ്ങളിലും അഭയം തേടുകയും ചെയ്തു. കാറ്റിന്റെ വേഗതയും ശക്തിയും വർധിച്ചതോടെ പലയിടങ്ങളിലും വലിയ തോതിലുള്ള ആശങ്കയാണുണ്ടായത്.

വ്യാപാര സ്ഥാപനങ്ങൾ അടിയന്തരമായി അടച്ചുപൂട്ടാൻ വ്യാപാരികൾ ധൃതികൂട്ടിയതോടെ നഗരത്തിലെ മാർക്കറ്റുകളിൽ വലിയ ആശയക്കുഴപ്പവും തിരക്കും അനുഭവപ്പെട്ടു. കാറ്റിൽ നിന്നും രക്ഷപ്പെടാനായി കാൽനടയാത്രക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിമാറി. ശക്തമായ കാറ്റിൽ മരച്ചില്ലകൾ ഒടിഞ്ഞുവീഴുകയും പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായി തകരാറിലാവുകയും ചെയ്തത് നഗരത്തിലെ സാധാരണ ജനജീവിതത്തെ നിശ്ചലമാക്കി.

സംസ്ഥാനത്ത് പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജാസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് രേഖപ്പെടുത്തിയത്. ധോൽപൂർ ജില്ലയിലെ ബാരിയിലാണ് ഏറ്റവും കൂടുതൽ മഴ (58 മില്ലിമീറ്റർ) റിപ്പോർട്ട് ചെയ്തത്.

വരും മണിക്കൂറുകളിൽ ബിക്കാനീർ, ജയ്പൂർ, അജ്മീർ, ഭരത്പൂർ, കോട്ട, ജോധ്പൂർ, ഉദയ്പൂർ ഡിവിഷനുകളിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കനത്ത കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ജയ്പൂർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. അടുത്ത നാല് മുതൽ അഞ്ച് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് ഉച്ചതിരിഞ്ഞുള്ള ഇടിമിന്നലും മഴയും തുടരുമെന്നാണ് പ്രവചനം.