കൊയിലാണ്ടി: കടത്തിക്കൊണ്ടുവന്ന 17 ലിറ്റർ മാഹി വിദേശമദ്യവുമായി ഒരാളെ കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടി. പള്ളിക്കര രാരാരിത്താഴ വീട്ടിൽ ടി.എം രവിയാണ് അറസ്റ്റിലായത്.
ഓണം സ്പെഷ്യൽ ഡ്രൈവും ഓപ്പറേഷൻ തണ്ടർ നടപടികളും ശക്തമാക്കിയതിന്റെ ഭാഗമായി കോഴിക്കോട് ഐ.ബി. പ്രിവന്റീവ് ഓഫീസർ ആർ.എൻ സുശാന്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊയിലാണ്ടി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. വിനോദന്റെ നേതൃത്വത്തിലുള്ള സംഘമാണ് കീഴൂർ പള്ളിക്കര മമതാമുക്ക്–മുത്താറ്റിൽ താഴെ റോഡിൽ വെച്ച് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ കൈവശം നിന്ന് 17 ലിറ്റർ മാഹി വിദേശമദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവത്തിൽ കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ജി.ആർ. രാഗേഷ് ബാബു, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് എ.കെ ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫീസർ അഖിൽ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.