കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ അതിഥി തൊഴിലാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ പശ്ചിമ ബംഗാൾ സ്വദേശി കനകൽദാസ് ആണ് മരിച്ചത്.

ട്രോളിങ് നിരോധനം അവസാനിച്ചതിന് പിന്നാലെ കഴിഞ്ഞ 31-ാം തീയതി രാത്രിയാണ് ബേപ്പൂരിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോയത്. സംഘത്തിൽ ഉണ്ടായിരുന്ന കനകൽദാസിന് കണ്ണൂരിൽ മത്സ്യബന്ധനത്തിനിടെ പെട്ടെന്ന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു.

തുടർന്ന് കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ അദ്ദേഹത്തെ കരയിലെത്തിച്ച് കോഴിക്കോട് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസും ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും അറിയിച്ചു.