പന്നിയങ്കര : വീട്ടിൽകയറി യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. വൈഎംആർസി പട്ടോടത്ത് പറമ്പിൽ താമസിക്കുന്ന പുതിയങ്ങാടി ചാലിൽ റോഡ് സ്വദേശി നടുവിലകം വീട്ടിൽ ടി കെ മുഹമ്മദ് സഫദി (26)നെയാണ് പന്നിയങ്കര പൊലീസ് പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി പയ്യാനക്കൽ സ്വദേശിനിയായ യുവതി വട്ടക്കിണർ വൈഎംആർസിയിലുള്ള സഹോദരന്റെ വീട്ടിൽനിന്ന് പുറത്തിറങ്ങിയ സമയം അയൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതി ഓടിവന്ന് കയറിപ്പിടിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. യുവതിയും കുടുംബവും പന്നിയങ്കര പൊലീ സിൽ പരാതി നൽകി.

കോഴിക്കോട് ബീച്ചിൽവച്ച് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിത, അതുൽ വസന്ത്, സിവിൽ പൊലീസ് ഓഫീസർമാരായ സുമേഷ്, ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

നിരവധി മോഷണ കേസുകളിലെ പ്രതിയാണ് മുഹമ്മദ് സഫദ്. 2024 നവംബറിൽ പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ, ഓൾഡ് ബേപ്പൂർ റോഡിലെ വീട്ടിൽനിന്ന് ഒന്നേകാൽ പവൻ സ്വർണവള മോഷ്‌ടിച്ചതിനും, മയക്കുമരുന്ന് ഉപയോഗിച്ചതിനും കേസുണ്ട്. മിഠായിതെരുവിലുള്ള തുണിക്കടകളിൽ നിന്ന് ജീൻസ് ബണ്ടിലുകൾ മോഷ്‌ടിച്ചതിനും നൂറോളം ടീഷർട്ടുകളും മുന്നൂറോളം മൊബൈൽ ഫാനുകളും മോഷ്ടിച്ചതിന് ടൗൺ സ്റ്റേഷനിലും ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിന്റെ എസിയുടെ ചെമ്പ് കമ്പികൾ മോഷണം നടത്തിയതിന് കസബ സ്റ്റേഷനിലും കേസുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.