ന്യൂഡൽഹി: എബോള വൈറസ് ബാധയുമായി സാമ്യമുള്ള ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഉഗാണ്ടയിൽ നിന്നുള്ള 19 വയസുള്ള വിനോദസഞ്ചാരിയെ ജയ്പൂരിലെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്ന് ജയ്പൂരിലെത്തിയ യുവതിയെ സംസ്ഥാന ആരോ​ഗ്യ വകുപ്പിന്റെ മെഡിക്കൽ ടീം നടത്തിയ പരിശോധനയിൽ സംശയം തോന്നിയതിനാലാണ് ഐസൊലേഷനിലേക്ക് മാറ്റിയത്. രാജസ്ഥാൻ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ ബ്ലോക്കിലുള്ള പ്രത്യേക ഐസൊലേഷൻ വാർഡിലേക്കാണ് മാറ്റിയത്. നിലവിൽ മെഡിക്കൽ സംഘം യുവതിയുടെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിച്ചുവരികയാണ്. യുവതിക്ക് എബോള ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.