പേരാമ്പ്ര: ആവള ഗുളികപ്പുഴയിൽ വൻതോതിൽ കക്കൂസ് മാലിന്യം തള്ളി പുഴ മലിനമാക്കിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ.
മലപ്പുറം സ്വദേശികളായ മുഹമ്മദ് മുസ്തഫ, അബു ഷംഷാദ് എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെയും മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹനവും മേപ്പയൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
എസ്.ഐമാരായ അഞ്ജിത, ശ്രീജിത്ത്, എ.എസ്.ഐ അനൂപ്, എസ്.സി.പി.ഒ നിജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
സെപ്റ്റംബർ 19ന് പുലർച്ചെ 2.30 ഓടെയാണ് ടാങ്കറിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം ഗുളികപ്പുഴയിൽ തള്ളിയത്. പ്രദേശത്തുനിന്ന് ശേഖരിച്ച മാലിന്യം തന്നെയാണ് ഇവർ തള്ളിയതെന്ന് പൊലീസ് പറഞ്ഞു. റോഡിൽ നിന്ന് 50 അടിയോളം താഴ്ചയിലേക്ക് പമ്പ് ചെയ്ത മാലിന്യം പുഴയിലേക്ക് ഒലിച്ചിറങ്ങി പുഴയിലെ വെള്ളം കറുപ്പ് നിറമായി.
പുഴ മലിനമായതോടെ പ്രദേശത്തെ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നവർ ആശങ്കയിലായി. വടകര, മണിയൂർ, തിരുവള്ളൂർ പ്രദേശങ്ങളിലെ നിരവധി ആളുകൾ ഈ പദ്ധതിയുടെ വെള്ളമാണ് ഉപയോഗിക്കുന്നത്.