വയനാട്: ജില്ലയിൽ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. റസിഡന്‍ഷല്‍ സ്‌കൂള്‍, റസിഡന്‍ഷല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.

മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. നാളെയും മഴയുടെ തീവ്രത തുടരുമെന്നാണ് വിലയിരുത്തൽ. നാളെ 9 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്.