മലപ്പുറം: വ്യാജരേഖ സമർപ്പിച്ച് സ്വകാര്യ ബാങ്കിൽ നിന്ന് 1.48 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ യുവതി അറസ്റ്റിൽ. തുവ്വൂർ പായിപ്പുള്ള് സ്വദേശി മോനിഷ മോഹനനെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

മഞ്ചേരിയിലെ സ്വകാര്യ ബാങ്ക് ശാഖയിൽ നിന്നാണ് തുക തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വ്യാജ ആധാരവും നികുതി ചീട്ടും തയ്യാറാക്കി സമർപ്പിച്ചാണ് പണം തട്ടിയതെന്നാണ് കേസ്.

ബാങ്കിൽ വായ്പ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി സമർപ്പിച്ച രേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പരിശോധനകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു.

കേസിൽ മോനിഷയുടെ ഭർത്താവ് ശ്രീജിത്താണ് ഒന്നാം പ്രതി. ഇയാൾ ഒളിവിലാണ്. സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്നതടക്കം പരിശോധിച്ചുവരികയാണ്.

വ്യാജരേഖ എങ്ങനെ തയ്യാറാക്കി, ബാങ്കിലെ പരിശോധന എങ്ങനെ മറികടന്നു, തട്ടിയെടുത്ത പണം എവിടേക്ക് മാറ്റി തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

മോനിഷയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിൽ പുരോഗതിയുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.