കോഴിക്കോട്: വെള്ളയിൽ ബിജി റോഡിൽ അയൽവാസിയെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച യുവാവ് കസ്റ്റഡിയിൽ. വെടിയേറ്റ വെള്ളയിൽ സ്വദേശിനി പുഷ്പലതയ്ക്ക് പരിക്കേറ്റു. അയൽവാസിയായ ഷിംജിത്തിനെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷിംജിത്ത് വളർത്തുന്ന കുതിര ഉൾപ്പെടെയുള്ള മൃഗങ്ങൾ നാട്ടുകാർക്ക് നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുഷ്പലത പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയിരുന്നു. പരാതി നൽകി മടങ്ങിയെത്തിയപ്പോൾ ഷിംജിത്ത് സൗഹൃദപൂർവം വിളിച്ചുവരുത്തി വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം.

നെഞ്ചിലും വയറിന്റെ ഭാഗത്തുമാണ് വെടിയേറ്റത്. പരിക്കേറ്റ പുഷ്പലതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.