കോഴിക്കോട് :ആഗോള വൻകരകളെ സൗഹൃദത്തിന്റെ നൂലിഴകളാൽ കോർത്തിണക്കുന്ന വൈജ്ഞാനിക തണൽമരത്തിലേക്ക് മലേഷ്യൻ ഭരണാധികാരിയുടെ പാദസ്പർശം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായുള്ള ആത്മബന്ധം പുതുക്കാൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം മർകസ് സെൻട്രൽ ക്യാമ്പസിലെത്തിയപ്പോൾ അതൊരു ചരിത്ര മുഹൂർത്തമായി മാറി. ഊഷ്മളമായ വരവേൽപ്പാണ് അൻവർ ഇബ്റാഹീമിന് മർകസിൽ നൽകിയത്.

​വൈകീട്ട് അഞ്ച് മണിയോടെയാണ് തന്റെ ഔദ്യോഗിക വിമാനത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീം കരിപ്പൂരിൽ എത്തിയത്. മന്ത്രി ടി സിദ്ദീഖീന്റെയും ഇ ടി മുഹമ്മദ് ബഷീർ എംപിയുടെയും എംഎൽഎമാരായ ടി വി ഇബ്റാഹീം, അഷ്റഫലി തുടങ്ങിയവരുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹം മർകസ് ലക്ഷ്യമാക്കി പുറപ്പെട്ടു. വൈകീട്ട് 5:50 ഓടെയാണ് മലേഷ്യൻ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മർകസ് കോമ്പൗണ്ടിലേക്ക് പ്രവേശിച്ചത്. മർകസ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, മാനേജർ സി മുഹമ്മദ് ഫൈസി, ചാലിയം കരീംഹാജി, കുറ്റൂർ അബ്ദുർറഹ്മാൻ ഹാജി തുടങ്ങിയ നേതാക്കളുടെയും മർകസ് പ്രതിനിധികളുടെയും നേതൃത്വത്തിൽ പൂച്ചെണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചു. നയതന്ത്ര പ്രതിനിധി സംഘവും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.