താമരശ്ശേരി: വീതി കൂട്ടല്‍ പ്രവ‍ൃത്തി നടക്കുന്നതിനാല്‍ താമരശ്ശേരി ചുരത്തില്‍ ​ഗതാ​ഗത നിയന്ത്രണം ആരംഭിച്ചു. പ്രവൃത്തി പൂര്‍ത്തിയാകുംവരെയാണ് നിയന്ത്രണം. ഭാരമേറിയ വാഹനങ്ങളും മള്‍ട്ടി ആക്‌സില്‍ ലോറികളും വഴിതിരിച്ചു വിട്ടാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. 

കോഴിക്കോട് നിന്ന് കല്‍പ്പറ്റ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് ബാലുശ്ശേരി-കുറ്റ്യാടി വഴിയും കല്‍പ്പറ്റ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വൈത്തിരി ടൗണില്‍നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് പടിഞ്ഞാറെത്തറ-തരുവണ-കുറ്റ്യാടി വഴിയും പോകണം. ചുരത്തിലൂടെ പോകുന്ന മറ്റു വാഹനങ്ങള്‍ പതുക്കെയും സുരക്ഷിതമായും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോകണമെന്നും എക്‌സിക്യൂട്ടീവ് എൻജിനീയര്‍ നിർദേശിച്ചു. ചുരത്തിലെ 6,7,8 വളവുകളാണ് വീതികൂട്ടി നവീകരിക്കുന്നത്. നാളെ മുതൽ ചുരത്തിൽ കർശന നിയന്ത്രണവും പരിശോധനയും ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.