ന്യൂഡല്‍ഹി: പെന്‍ഷന്‍ എന്നത് തൊഴിലുടമയുടെ ഔദാര്യമല്ലെന്നും ജീവനക്കാരുടെ ഭരണഘടനാപരമായ അവകാശമാണെന്നും സുപ്രീംകോടതി. സര്‍ക്കാര്‍ സര്‍വീസിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടെന്ന സുപ്രധാന വിധിപുറപ്പെടുവിച്ചാണ് സുപ്രീംകോടതി നിരീക്ഷണം. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എ.ജെ മസീഹ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്‍േറതാണ് സുപ്രധാനവിധി.

ഭര്‍ത്താവിന്റെ പെന്‍ഷനായി ബിഹാറിലെ പട്‌നയില്‍ നിന്നുള്ള ഒരു സ്ത്രീ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മൂന്ന് പതിറ്റാണ്ടുകാലം പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കാഷ്വല്‍ വര്‍ക്കറായി ജോലി ചെയ്ത തന്റെ ഭര്‍ത്താവിന് സ്ഥിരപ്പെടുത്തിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പെന്‍ഷന്‍ നിഷേധിക്കുന്നതിനെതിരെയാണ് സ്ത്രീ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍, പട്‌ന ഹൈകോടതി എന്നിവയിലെ പോരാട്ടത്തിന് ശേഷമാണ് അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

പെന്‍ഷന്‍ നല്‍കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളിയാണ് സുപ്രീംകോടതിയുടെ നനിര്‍ണായക വിധി. ഒരേ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരേ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.