കൊച്ചി: പതിവുതെറ്റിക്കാതെ ഓണത്തിനു മുന്നോടിയായി അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. സാധാരഗതിയില്‍ ഓണത്തിനു രണ്ടാഴ്ച മുമ്പാണ് വില കുതിക്കുന്നതെങ്കില്‍ ഇത്തവണ ഒരുമാസത്തിനു മുന്നേ വില ഉയരുകയാണ്. പഴം, പച്ചക്കറി, മത്സ്യം തുടങ്ങിയവയ്ക്ക് ഇരട്ടിയോളമാണ് വില ഉയര്‍ന്നത്. അരി, മുട്ട എന്നിവയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ജീവിതച്ചെലവ് കുതിച്ചുയര്‍ന്നതോടെ കുടുംബ ബജറ്റും താളംതെറ്റി. അരിവില എട്ട് രൂപവരെയാണ് വര്‍ധിച്ചിരിക്കുന്നത്. മട്ട, ആന്ധ്ര ജയ, സുരേഖ തുടങ്ങിയവയ്ക്കും വില ഉയര്‍ന്നിട്ടുണ്ട്. 56 രൂപയ്ക്ക് ലഭിച്ചിരുന്ന കിലോ വടിമട്ടയ്ക്ക് 64 രൂപയായി. സുരേഖ അരിയുടെ വില 55 രൂപയായി ഉയര്‍ന്നപ്പോള്‍ ആന്ധ്രജയയുടെവില കിലോയ്ക്ക് 50 രൂപയായി ഉയര്‍ന്നു.
കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ഉല്പാദനത്തിലുണ്ടായ കുറവാണ് വില വര്‍ധനവിന് കാരണം.
പച്ചക്കറിവില ഇരട്ടിയോളമാണ് വര്‍ധിച്ചിരിക്കുന്നത്. 150 രൂപയുണ്ടായിരുന്ന ഇഞ്ചിയുടെ വില 280 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. പച്ചമുളകിന്റെയും ചെറിയയുള്ളിയുടെയും വില ഇരട്ടിയായി 80രൂപയിലെത്തി. 50രൂപയുണ്ടായിരുന്ന കാരറ്റിന്റെ വില 100രൂപയായി ഉയര്‍ന്നു. ബീന്‍സിന്റെ വിലയും ഇരട്ടിയായി 100രൂപയിലെത്തി. പച്ചക്കായ്,വെണ്ടയ്ക്ക,തേങ്ങ, ചെറുനാരങ്ങ തുടങ്ങിയവയുടെയൊക്കെ വിലയും ഉയര്‍ന്നിട്ടുണ്ട്. കിലോയ്ക്ക് 60രൂപയുണ്ടായിരുന്ന ഞാലിപ്പൂവന് പഴത്തിന്റെ വില കിലോയ്ക്ക് 100 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്.
മത്സ്യവിലയും കുതിച്ചുയര്‍ന്നെങ്കിലും ട്രോളിങ്ങ് അവസാനിക്കുന്നതോടെ വില കുറയുമെന് പ്രതീക്ഷയുമുണ്ട്. ചാളയ്ക്ക് 360രൂപയായും വറ്റയ്ക്ക് 580രൂപയായും കിളിമീന്‍ 360രൂപയായും ചെമ്മീന്‍ 560രൂപയായും നെയ്മീന് 1200രൂപയായുമാണ് ഉയര്‍ന്നിരിക്കുന്നത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്,കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ കൂടുതലായി വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത് സംസ്ഥാനത്ത് പച്ചക്കറി വില ഉയര്‍ത്തിയിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ദിനംപ്രതി 15 ലോഡുകളെത്തിയിരുന്നെങ്കില് ഇപ്പോള്‍ ഒന്‍പത് ലോഡ് പച്ചക്കറി മാത്രമാണ് കൊച്ചിയിലെ മാര്‍ക്കറ്റില്‍ എത്തുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു.