വടകര: വടകര മേമുണ്ടയില്‍ വന്‍ വാഹന മോഷണം. അടച്ചിട്ട വീട്ടില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ബി.എം.ഡബ്ല്യു കാറും ലക്ഷ്വറി ബൈക്കുകളും സംഘം കവര്‍ന്നു. വടകര മേമുണ്ടയിലെ മേപ്പത്തൂര്‍ ഉസ്മാന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ വടകര പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇന്നലെ വൈകുന്നേരം വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയതായിരുന്നു വീട്ടുകാര്‍. ഇന്ന് രാവിലെ തിരികെ എത്തിയപ്പോഴാണ് വീടിന്റെ പൂട്ട് തകര്‍ത്ത നിലയിലും വാഹനങ്ങള്‍ നഷ്ടപ്പെട്ടതായും കണ്ടത്.
വീടിന്റെ മുറ്റത്തും ഗാരേജിലുമായി നിര്‍ത്തിയിട്ടിരുന്ന ബി.എം.ഡബ്ല്യു കാര്‍, ഹാര്‍ലി ഡേവിസണ്‍ ബൈക്ക്, ആക്‌സസ് സ്‌കൂട്ടി എന്നിവയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മുറ്റത്തുണ്ടായിരുന്ന മറ്റൊരു ആഢംബര കാറായ സ്‌കോഡയും കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വാഹനം സ്റ്റാര്‍ട്ട് ആവാത്തതിനെ തുടര്‍ന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു.
സംഭവസമയത്ത് ഒരു സംശയാസ്പദമായ ഇന്നോവ കാര്‍ വീട്ടുപറമ്പില്‍ വന്നതായി ജോലിക്കാരന്‍ കണ്ടിരുന്നു. എന്നാല്‍ വീട്ടിലെ ബന്ധുക്കളുടെയോ പരിചയക്കാരുടെയോ വാഹനം ആയിരിക്കുമെന്നു കരുതി കൂടുതല്‍ ശ്രദ്ധിച്ചില്ലെന്നാണ് ഇയാള്‍ പറയുന്നത്. ഈ ഇന്നോവയിലാണ് മോഷ്ടാക്കള്‍ എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മോഷണത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ മോഷ്ടാക്കള്‍ സി.സി.ടി.വി സംവിധാനങ്ങള്‍ തകര്‍ത്തിട്ടുണ്ട്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രദേശത്തെ മറ്റ് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് വടകര പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.