ഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഉള്ള ഇന്ത്യ സഖ്യത്തിൻ്റെ നിർണായക യോഗം ഇന്ന്. മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ പാർട്ടികൾ നിലപാട് വ്യക്തമാക്കും. പ്രതിപക്ഷ ഐക്യത്തിലെ ഭിന്നാഭിപ്രായത്തിൽ പ്രതിരോധത്തിലാണ് കോൺഗ്രസ്. ഡിഎംകെയുടെ നിർണായക യോഗം ഇന്ന് ചെന്നൈയിലും നടക്കും. മറ്റന്നാൾ ലോക്സഭ ചേരാനിരിക്കെ ബില്ല് എംപിമാർക്ക് കൈമാറി.
ലോക്സഭാ സീറ്റുകൾ വർധിപ്പിക്കാനും വനിതാ സംവരണം നടപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി ബില്ലിലാണ് രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നത്. നവംബർ 30 മുതൽ ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നിലപാട് ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. ബില്ലിനെ ശക്തമായി എതിർക്കാനാണ് ഇന്നലെ ചേർന്ന കോൺഗ്രസ് സ്ട്രാറ്റജി യോഗത്തിൻ്റെ തീരുമാനം.
എൻസിപി ശരത് പവാർ പക്ഷം ബില്ലിനെ പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ചേരുന്ന യോഗത്തിൽ സുപ്രിയ സുലെ പങ്കെടുത്തേക്കില്ല. പവാറിൻ്റെ ആരോഗ്യകാരണങ്ങളാൽ വിട്ടുനിൽക്കുന്നു എന്നാണ് സുപ്രിയ സുലെയുടെ വിശദീകരണം. ബില്ലിൽ നിലപാട് അറിയിച്ച ഡിഎംകെ ഒപ്പം കൂട്ടാനും കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുന്നുണ്ട്.
കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ ബില്ല് എംപിമാർക്ക് കൈമാറി. ലോക്സഭാ സീറ്റിലും നിയമസഭാ സീറ്റിലും 50 ശതമാനം വർധനയുണ്ടാകും. 2011ലെ സെൻസസ് പ്രകാരമായിരിക്കും മണ്ഡല പുനർനിർണയം നടപ്പിലാക്കുക. മണ്ഡലം നിർണയത്തിൻ്റെ പിന്നാലെ വനിതാ സംവരണവും നടപ്പിലാക്കും. മണ്ഡല പുനർനിർണയ കമ്മീഷനെ നിയമിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.