തിരുവനന്തപുരം: സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ മധുസൂദനൻ നടത്തിയ വിവാദ കൊലവിളി പ്രസംഗത്തിൽ കേസെടുക്കാൻ ആഭ്യന്തരമന്ത്രി നിർദേശം നൽകി. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനാണ് മന്ത്രി ഇതുസംബന്ധിച്ച നിർദേശം കൈമാറിയത്.
ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കവെയായിരുന്നു ടി.ഐ മധുസൂദനന്റെ പ്രകോപനപരമായ പ്രസംഗം.
വിവാദ പ്രസംഗത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുഹമ്മദ് ഷമ്മാസാണ് പരാതി നൽകിയത്. ഒരു ജനപ്രതിനിധിയായിരുന്ന വ്യക്തിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് ഉണ്ടായതെന്നും സംഭവത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു.
'ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെവിട്ടെങ്കിലും അവരൊന്നും ഇന്ന് ജീവനോടെ ഇല്ലെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. പാർട്ടിക്കെതിരെ സാമൂഹമാധ്യമങ്ങളിൽ എഴുതുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കും' - എന്നായിരുന്നു ടി.ഐ മധുസൂദനന്റെ വിവാദ കൊലവിളി പ്രസംഗം.