കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ടാമതും ഇടിഞ്ഞു. ഉച്ചക്ക് ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,300 രൂപയിലും പവന് 960 രൂപ കുറഞ്ഞ് 90,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

രാവിലെ ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞ് 91,360 രൂപയിൽ എത്തിയിരുന്നു. ഇന്ന് രണ്ടുതവണയായി ഒറ്റയടിക്ക് 3,320 രൂപയാണ് കുറഞ്ഞത്.

18 കാരറ്റ് സ്വർണം ഗ്രാമിന് 100 രൂപ കുറഞ്ഞ് 9,245 രൂപയിലും പവന് 800 രൂപ കുറഞ്ഞ് 73,960 രൂപയിലുമാണ് വ്യാപാരം. രാജ്യാന്തര സ്വർണവിലയിലെ ഇടിവും രൂപയുടെ മുന്നേറ്റവുമാണ് സ്വർണവില കുത്തനെ കുറയാൻ കാരണം. ട്രോയ് ഔൺസിന് 30 ഡോളർ താഴ്ന്ന് 3,532 ഡോളറിലാണ് രാജ്യാന്തര വില.

2025 നവംബർ 10ന് ശേഷം ആദ്യമായാണ് പവൻ വില വീണ്ടും 90,000 രൂപ റേഞ്ചിലേക്ക് എത്തുന്നത്. 2026 ജനുവരി 29ലെ പവന് 1,31,160 രൂപയും ഗ്രാമിന് 16,395 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.

വെള്ളിക്ക് ഗ്രാമിന് 10 രൂപ കുറഞ്ഞ് 165 രൂപയിലെത്തി. കഴിഞ്ഞ ആഴ്ചയിലെ കനത്ത വിലയിടിവിന് ശേഷം രണ്ടു ദിവസം സ്വർണം തിരിച്ചുകയറിയത് വിപണിയിൽ പ്രതീക്ഷ നൽകിയിരുന്നു. സ്വർണത്തിന് ഗ്രാമിന് 115 രൂപ വർധിച്ച് 11,715 രൂപയിലും പവന് 920 രൂപ വർധിച്ച് 93,720 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

ഇന്നത്തെ വിലയിൽ ഒരു പവൻ ആഭരണം വാങ്ങാൻ ഒരു ലക്ഷം രൂപക്ക് താഴെ മതിയാകും. 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന്റെ ആഭരണം വാങ്ങാൻ 1,03,510 രൂപ ചെലവാകും. അഞ്ചു ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാൻ 98,805 രൂപ വേണം.

യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യതകൾ ശക്തമായതും ഡോളർ ശക്തിപ്പെട്ടതുമാണ് സ്വർണവിലയെ സമ്മർദത്തിലാക്കുന്നത്.