ജിസാൻ: സൗദി അറേബ്യയിലെ ജിസാനിലെ അരാംകോ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ നേപ്പാൾ സ്വദേശിയായ ഒരാൾ മരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ റിഫൈനറിയിൽ തീപിടുത്തവും ഉണ്ടായി.

ഇന്നലെ രാത്രിയായിരുന്നു ആക്രമണം. തീപിടുത്തം പിന്നീട് നിയന്ത്രണവിധേയമാക്കിയതായി ഊർജ്ജ മന്ത്രാലയം അറിയിച്ചു. എണ്ണ ശുദ്ധീകരണശാലയിലെ ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ഊർജ്ജ മന്ത്രാലയം അനുശോചനം അറിയിച്ചു.

ആക്രമണം നടന്ന ഉടൻ സുരക്ഷാ വിഭാഗവും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി. അതേസമയം, തെക്കൻ മേഖലയിലേക്ക് ഇന്ന് രാവിലെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണ ശ്രമം സഖ്യസേന പരാജയപ്പെടുത്തി. യമനിൽ ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകിയതായി സഖ്യസേനയും അറിയിച്ചു.

ഹൂതികളുടെ സൈനിക ശേഷി ലക്ഷ്യമിട്ട് 500-ഓളം ആക്രമണങ്ങൾ നടത്തിയതായാണ് സഖ്യസേനയുടെ വിശദീകരണം. സന, ഹൊദൈദ, സഅദ എന്നീ മേഖലകളിൽ നടത്തിയ ആക്രമണങ്ങളിൽ ഹൂതികൾക്ക് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. ജിസാൻ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ആക്രമണം നടത്തിയ ഹൂതികളുടെ മിസൈൽ ലോഞ്ചറും സഖ്യസേന തകർത്തു.