മലപ്പുറം: പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 61കാരന് 54 വർഷം കഠിനതടവും 2.80 ലക്ഷം രൂപ പിഴയും ശിക്ഷ.

തവനൂർ മറവഞ്ചേരി പറപ്പുത്ത് പറമ്പിൽ വാഴയിൽ വളപ്പിൽ വീട്ടിൽ മണികണ്ഠനെയാണ് പൊന്നാനി അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. കോടതി ജഡ്ജി എസ്. ലിഷയാണ് വിധി പ്രസ്താവിച്ചത്.

പിഴ അടച്ചില്ലെങ്കിൽ നാലര വർഷം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പ്രതിയിൽനിന്ന് ഈടാക്കുന്ന പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. ഇതിനു പുറമെ ഇരയായ കുട്ടിക്ക് ഇരകളുടെ നഷ്ടപരിഹാര പദ്ധതിപ്രകാരം കൂടുതൽ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ നിയമസേവന അതോറിറ്റിയോട് കോടതി നിർദേശിച്ചു.

ശിക്ഷാവിധിക്കു പിന്നാലെ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. 2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തുവയസുകാരനെ പ്രതി സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ടായിരുന്നു.