തിരുവനന്തപുരം: പയ്യന്നൂരിൽ നടത്തിയ പ്രസംഗത്തിൽ കൊലവിളി നടത്തിയെന്ന ആരോപണത്തിൽ സിപിഎം നേതാവ് ടി.ഐ മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. കലാപാഹ്വാനം, സമാധാനം തകർക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പയ്യന്നൂരിലെ പരിപാടിയിൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ കേസെടുക്കാൻ ആഭ്യന്തരമന്ത്രി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന് നിർദേശം നൽകിയിരുന്നു.
ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കവെയാണ് ടി.ഐ മധുസൂദനന്റെ വിവാദ പ്രസംഗം ഉണ്ടായത്. കലാപം നടത്തുന്ന തരത്തിലുള്ള പ്രസംഗങ്ങൾ ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു.
വിവാദ പ്രസംഗത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുഹമ്മദ് ഷമ്മാസാണ് പരാതി നൽകിയത്. ഒരു ജനപ്രതിനിധിയായിരുന്ന വ്യക്തിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് ഉണ്ടായതെന്നും, സംഭവത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളെ ന്യായീകരിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന നടപടികൾ പൊലീസോ സർക്കാരോ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും, പ്രസംഗം വിശകലനം ചെയ്ത ശേഷം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
'ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെവിട്ടെങ്കിലും അവരൊന്നും ഇന്ന് ജീവനോടെ ഇല്ലെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. പാർട്ടിക്കെതിരെ സാമൂഹമാധ്യമങ്ങളിൽ എഴുതുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കും' - എന്നായിരുന്നു ടി.ഐ മധുസൂദനന്റെ വിവാദ കൊലവിളി പ്രസംഗം. ധനരാജ് വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെയും അദ്ദേഹം പരിഹാസമുന്നയിച്ചിരുന്നു. ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് ജഡ്ജി പറയാത്തത് ഭാഗ്യമാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.