വടകര: തോടന്നൂർ കന്നിനട പാലത്തിന് സമീപം ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിലെ മീത്തലെ പറമ്പൻ തറമ്മൽ റംല (53) ആണ് മരിച്ചത്.
വ്യാഴം രാത്രി ഏഴരയോടെയാണ് അപകടം നടന്നത്. പാലത്തിലേക്ക് കയറുന്നതിനായി സ്കൂട്ടറിന്റെ വേഗം കുറച്ചതിനിടയിൽ പിന്നാലെ എത്തിയ ബസ് പിറകിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റംല റോഡിലേക്ക് തെറിച്ചുവീണു. സ്കൂട്ടർ ഓടിച്ച ബന്ധു നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വടകരയിൽ ആശുപത്രിയിലുള്ള പിതാവിനെ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭർത്താവ്: അമ്മത്. മക്കൾ: ഷംസീർ, റംസ, റിഹാദ്. മരുമകൾ: നാജിയ.