മലപ്പുറം: എടവണ്ണയിൽ ചാലിയാർ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വഴിക്കടവ് കുന്നുമ്മൽപൊട്ടി സ്വദേശി വി.എം അജ്മലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

പുഴയുടെ മറുകരയിലേക്ക് നീന്തുന്നതിനിടെ ഇന്ന് രാവിലെയാണ് അജ്മലിനെ കാണാതായത്. സുഹൃത്തിനൊപ്പം പുഴയിൽ സ്വർണം അരിക്കാൻ എത്തിയതായിരുന്നു അജ്മൽ. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ജെസിബി ഓപ്പറേറ്ററായി എടവണ്ണയിൽ ജോലി ചെയ്യുകയായിരുന്ന അജ്മൽ സുഹൃത്തായ നൗഷാദിനൊപ്പമാണ് എടവണ്ണ സീതി ഹാജി പാലത്തിന് സമീപം പുഴയിലിറങ്ങിയത്. സ്വർണം അരിക്കാനായിട്ടാണ് സുഹൃത്തിനൊപ്പം പോയത്. പുഴ നീന്തി കടക്കുന്നതിനിടെ അജ്മലിനെ കാണാതാവുകയായിരുന്നു.

സുഹൃത്ത് അറിയിച്ചതിനെ പിന്നാലെ നാട്ടുകാരും ഫയർ ഫോഴ്സും മലപ്പുറത്തുനിന്നുള്ള മുങ്ങൽ വിദഗ്ധരും സ്കൂബാ ഡൈവേഴ്സും ഉൾപ്പെടെ എത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് വൈകിട്ടോടുകൂടി മൃതദേഹം ലഭിച്ചത്.