റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മലയാളികൾക്ക് പുറമെ ആന്ധ്രാ സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്നനേഷ്, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരുൾപ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെ അപകടത്തിലെ ആകെ മരണസംഖ്യ 13 ആയി ഉയർന്നു. പരിക്കേറ്റ 14 പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. 41 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് തകരാറിലായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് പിന്നിൽ നിന്നെത്തിയ ട്രക്ക് ബസിലേക്ക് ഇടിച്ചുകയറിയാണ് വൻ ദുരന്തമുണ്ടായത്.

ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ഇന്ത്യൻ കോൺസുലേറ്റ്, മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും തുടർനടപടികൾക്കും സഹായങ്ങൾക്കുമായി പ്രാദേശിക ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും അടിയന്തര സഹായങ്ങൾക്കും കോൺസുലേറ്റിന്റെ ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ: 800 46342