കൊച്ചി: വഖഫ് ബോർഡിനെതിരെ ബി.ജെ.പി നേതാവ് ഷോൺ ജോർജ് വീണ്ടും ഹൈക്കോടതിയിൽ. പുതിയ പുനഃസംഘടന ഉത്തരവ് റദ്ദാക്കണമെന്നാണ് പൊതുതാൽപര്യ ഹർജിയിലെ പ്രധാന ആവശ്യം.
കഴിഞ്ഞ മാസം 16ലെ സർക്കാർ ഉത്തരവിലൂടെ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിൽ ചെയർപേഴ്സൻ ഉൾപ്പെടെ ഒമ്പത് അംഗങ്ങളും മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണ്. അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രീംകോടതിയുടെയും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെയും തുടർ ഉത്തരവുകൾക്ക് വിധേയമായി പിന്നീട് പരിഗണിക്കുമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ രണ്ട് അമുസ്ലിം അംഗങ്ങളെ നിശ്ചിത സമയത്തിനകം നിയമിക്കാൻ സർക്കാരിന് നിർദേശം നൽകുകയും നിലവിലെ വഖഫ് ബോർഡ് എടുത്ത തീരുമാനങ്ങൾ അസാധുവായി പ്രഖ്യാപിക്കുകയും വേണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്നും, പുതിയ ബോർഡിലും അമുസ്ലിംകളെ നിയമിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. വഖഫ് നിയമത്തിലെ സെക്ഷൻ 14 പ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന ചട്ടം പാലിക്കാതെയാണ് പുതിയ ബോർഡിന് രൂപംനൽകിയതെന്നും ആരോപിച്ചു.
നേരത്തെ മുൻ സർക്കാർ നിയമിച്ച വഖഫ് ബോർഡ് പിരിച്ചുവിടാൻ കാരണമായത് ഷോൺ ജോർജ് നൽകിയ പൊതുതാൽപര്യ ഹർജിയായിരുന്നു. മുൻ ബോർഡിന്റെ പ്രവർത്തനം ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് നിലവിലെ സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്.
അതേസമയം, വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും, അതിനാലാണ് അമുസ്ലിം അംഗങ്ങളെ ചേർക്കാത്തതെന്നുമാണ് ഇതുസംബന്ധിച്ച സർക്കാർ നിലപാട്. എന്നാൽ, ഈ നിലപാട് നിലനിൽക്കില്ലെന്നും നിയമവിരുദ്ധമായ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഷോൺ ജോർജിന്റെ വാദം.
അഡ്വ. വിഷ്ണു സുരേഷ് മുഖേനയാണ് ഷോൺ ജോർജ് ഹർജി സമർപ്പിച്ചത്. സമാനമായ ആവശ്യവുമായി നേരത്തെ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ട്, പുതിയ ബോർഡിനെതിരെ ആവശ്യമെങ്കിൽ ഹർജി നൽകാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ നിർദേശം കൂടി കണക്കിലെടുത്താണ് പുതിയ ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കുമെന്നാണ് സൂചന.