തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ മാറ്റം വരുന്നു. ഡിസംബർ മുതൽ ലൈസൻസ് ലഭിക്കണമെങ്കിൽ ലേണേഴ്സ് ടെസ്റ്റ്, ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്, ഗ്രൗണ്ട് - റോഡ് ടെസ്റ്റ് എന്നിവ വിജയകരമായി പൂർത്തിയാക്കണം.
നിലവിലുള്ള പരീക്ഷകൾക്കു പുറമേ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനുള്ള കഴിവ് പരിശോധിക്കുന്ന പുതിയ പരീക്ഷ കൂടി ഉൾപ്പെടുത്തിയാണ് മോട്ടോർ വാഹന വകുപ്പ് പരിഷ്കാരം നടപ്പാക്കുന്നത്.
നിലവിൽ ലേണേഴ്സ് ടെസ്റ്റ് വിജയിച്ചാൽ 30 ദിവസത്തിനകം ഗ്രൗണ്ട്, റോഡ് ടെസ്റ്റുകൾക്കായി അപേക്ഷിക്കാമായിരുന്നു. എന്നാൽ പുതിയ രീതി അനുസരിച്ച് ലേണേഴ്സ് ടെസ്റ്റിന് ശേഷം ആദ്യം ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് വിജയിക്കണം. ഈ പരീക്ഷയിൽ വിജയിച്ചാൽ മാത്രമേ ഗ്രൗണ്ട്, റോഡ് ടെസ്റ്റുകൾക്ക് അപേക്ഷിക്കാൻ കഴിയൂ.
വിവിധ അപകടസാഹചര്യങ്ങൾ ഉൾപ്പെടുത്തിയ പത്ത് വീഡിയോകളാണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റിൽ പരിശോധിക്കേണ്ടത്. വീഡിയോകളിൽ ദൃശ്യമാകുന്ന അപകടസാധ്യതകൾ കൃത്യമായി തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തണം. ആകെ മാർക്കിന്റെ 60 ശതമാനം നേടുന്നവർ പരീക്ഷയിൽ വിജയിക്കും.
പുതിയ പരീക്ഷാരീതി വഴി അപകടബോധവും സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങളും വളർത്തിയെടുക്കാനാകുമെന്നാണ് പ്രതീക്ഷ.
റോഡപകടങ്ങളിൽ വലിയൊരു വിഭാഗവും ഡ്രൈവർമാരുടെ അശ്രദ്ധയും അപകടസാധ്യതകൾ യഥാസമയം തിരിച്ചറിയുന്നതിലെ വീഴ്ചയുമാണ് കാരണമാകുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.