കോഴിക്കോട്: മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ എലത്തൂർ പൊലീസ് സാഹസികമായി പിടികൂടി. ബാലുശ്ശേരി ഉണ്ണികുളം സ്വദേശി കിരണാണ് അറസ്റ്റിലായത്. പുള്ളാവൂരിലെ ഒരു ലോഡ്ജ് വളഞ്ഞാണ് പൊലീസ് പ്രതിയെ കുടുക്കിയത്. ലോഡ്ജിൽ പരിശോധന നടത്തിയപ്പോൾ പ്രതിയോടൊപ്പം പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു.

ഈ കുട്ടിയെ പൊലീസ് ഉടൻ തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇയാൾ പെൺകുട്ടികളെ ഉപയോഗിച്ച് ലഹരി കച്ചവടം നടത്തിയിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ലഹരി നൽകി പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്തവരെ ലഹരിക്ക് അടിമകളാക്കി കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കർശന നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.