തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ സംഘ്പരിവാർ സംഘടന ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ 'മയിൽപ്പീലി' മാസികയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'യംഗ് സ്കോളർ എക്സാം' നടത്താൻ ഹൈക്കോടതിയുടെ അനുമതി.
പരീക്ഷ നടത്തരുതെന്ന സർക്കാർ നിലപാടിനെ ചോദ്യം ചെയ്ത് അധ്യാപക സംഘടനയായ എൻടിയു (NTU) നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നിശ്ചയിച്ച തീയതിയിൽ പരീക്ഷ നടത്താൻ ഹൈക്കോടതി അനുമതി നൽകിയെങ്കിലും പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കരുതെന്ന് കോടതിയുടെ കർശന നിർദേശമുണ്ട്.
ഒരു മത-രാഷ്ട്രീയ സംഘടനകൾക്കും സ്കൂളുകളിൽ ഇത്തരം പരീക്ഷകൾ നടത്താൻ അനുമതി നൽകാനാവില്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചെങ്കിലും പരീക്ഷ നടക്കട്ടെയെന്നും റിസൾട്ട് പ്രഖ്യാപിക്കരുതെന്നുമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
പരീക്ഷ നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നതായും, പിന്നീട് യാതൊരു കാരണവും പറയാതെയും നോട്ടീസ് പോലും നൽകാതെയുമാണ് സർക്കാർ അനുമതി റദ്ദാക്കിയതെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചു. നേരത്തെ ഷെഡ്യൂൾ ചെയ്ത പരീക്ഷ എന്ത് ചെയ്യുമെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. അനുമതി നൽകിയത് ഉദ്യോഗസ്ഥന് പറ്റിയ പിഴവാണെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. ഈ ഉത്തരവ് ഇടക്കാലാടിസ്ഥാനത്തിലുള്ളതാണ്. രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വിശദമായ വാദം കേൾക്കും.
ഫലം പ്രസിദ്ധീകരിക്കുന്നതിന് പുറമെ, പരീക്ഷ വ്യാപിപ്പിക്കാനോ മറ്റ് പരീക്ഷകൾ നടത്താനോ സംഘാടകർക്ക് കോടതി വിലക്കുണ്ട്. ഇതോടെ മയിൽപ്പീലിയിൽ സർക്കാരിന് തിരിച്ചടിയുണ്ടായിരിക്കുകയാണ്.
യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'യംഗ് സ്കോളർ എക്സാം' എന്ന പേരിലാണ് സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നത്. സിനിമാതാരം ഉണ്ണി മുകുന്ദനാണ് പരീക്ഷയുടെ ബ്രാൻഡ് അംബാസഡർ.