തിരുവനന്തപുരം: പോഷൺ ആപ്പ് ഉപയോഗിക്കുന്നതിന് സ്മാർട്ട്ഫോണുകളില്ലാതെ പ്രതിസന്ധിയിലായിരുന്ന സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ പ്രശ്നത്തിന് പരിഹാരമാകുന്നു. ജീവനക്കാർക്കായി 35,291 പുതിയ ഫോണുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഇതിനായി 41.64 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങി.
ഫോണില്ലാത്ത അങ്കണവാടി ജീവനക്കാരുടെ പ്രതിസന്ധി സംബന്ധിച്ച് മീഡിയവൺ വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.
എല്ലാവർക്കും സ്മാർട്ട് ഫോൺ നൽകാനുള്ള നടപടി ആരംഭിച്ചുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ മീഡിയവണിനോട് പ്രതികരിച്ചിരുന്നു. സിം 5G ആക്കി മാറി നൽകിയെങ്കിലും ഫോൺ നൽകാത്തത് ജീവനക്കാർക്ക് പ്രതിസന്ധിയായിരുന്നു. തുടർന്നാണ് നടപടി.
പോഷൺ ആപ്പിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി അങ്കണവാടി ജീവനക്കാർക്ക് ഫോർജി ഫോണും, സിമ്മുമാണ് കേന്ദ്രസർക്കാർ നൽകിയത്. കൃത്യമായി നെറ്റ്വർക്ക് കിട്ടാത്തതിനാൽ സ്വന്തം ഫോണിലാണ് അങ്കണവാടി ജീവനക്കാർ പോഷൺ ആപ്പ് ഉപയോഗിച്ചിരുന്നത്. ഇത് കാരണം ഫോൺ ഹാങ്ങ് ആവുകയും പുതിയ ഫോൺ വാങ്ങുന്നതിന് ലോൺ എടുക്കേണ്ട സാഹചര്യം വരെ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.