കൊണ്ടോട്ടി: വിമാനത്താവള റോഡരികിലെ വയലിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി ഹിദാഷ് അലി (30) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ടാണ് ഒഴിഞ്ഞ പാടത്തുനിന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ ഹിദാഷ് അലിയെ സുഹൃത്തുക്കളോടൊപ്പം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ജീവൻ രക്ഷിക്കാൻ തീവ്രശ്രമം നടത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പരേതനായ സിദ്ദീഖിന്റെയും കുഞ്ഞീവിയുടെയും മകനാണ്. ഷമ്മാസ്, സിനാൻ എന്നിവർ സഹോദരങ്ങളാണ്.