മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കിൽ നിന്നും പണം പിൻവലിച്ചിറങ്ങിയ ആളുകളിൽ നിന്ന് പണം തട്ടാൻ ശ്രമം. അങ്ങാടിപ്പുറം എസ്.ബി.ഐ ബാങ്കിൽ നിന്നും പണം പിൻവലിച്ച ഗൂഡലൂർ സ്വദേശികളെ ആക്രമിച്ചാണ് പണം കവരാൻ ശ്രമിച്ചത്. ആറ് ലക്ഷം രൂപയാണ് ഗൂഡല്ലൂർ സ്വദേശികൾ ബാങ്കിൽ നിന്നും പിൻവലിച്ചത്.

ഇവർ ബാങ്കിൽ നിന്നും പുറത്തിറങ്ങിയ സമയം മൂന്നംഗ സംഘം പണം കവരാനെത്തുകയായിരുന്നു. ആക്രമിക്കാൻ ശ്രമിച്ചതോടെ നാട്ടുകാർ സാഹസികമായി തട്ടിപ്പ് സംഘത്തെ തടഞ്ഞു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പെരിന്തൽമണ്ണ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

അതേസമയം, നിലമ്പൂർ കവർച്ചാക്കേസിൽ പൊലീസ് അതിനിർണ്ണായകമായ വിവരങ്ങൾ കണ്ടെത്തി. സൈബർ തട്ടിപ്പിലൂടെയുള്ള പണമാണ് കവർച്ചയ്ക്ക് ഇരയായ അമരമ്പലം സ്വദേശി ഫിറോസിന്റെ അക്കൗണ്ടിലെത്തിയത്. മ്യൂൾ അക്കൗണ്ടിലെ പണവുമായി ഫിറോസ് മുങ്ങാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ബാങ്കിൽ നിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഒരു സംഘം ആളുകൾ ഫിറോസിനെ പട്ടാപ്പകൽ സാഹസികമായി ആക്രമിച്ച് പണം കവർന്നത്. അക്കൗണ്ടിലെത്തിയ പണം പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറാനായിരുന്നു ഫിറോസും സൈബർ തട്ടിപ്പ് സംഘവും തമ്മിലുള്ള ധാരണ. ഒരു നിശ്ചിത വിഹിതം പ്രതിഫലമായി ഫിറോസിന് ലഭിക്കുകയും ചെയ്യും. എന്നാൽ ഈ ധാരണ ലംഘിച്ച് പണവുമായി മുങ്ങാനുള്ള ഫിറോസിന്റെ നീക്കങ്ങൾ നേരത്തെ മനസിലാക്കിയ സൈബർ തട്ടിപ്പ് സംഘം കവർച്ച നടത്താൻ മറ്റൊരു സംഘത്തെ ഏൽപ്പിക്കുകയായിരുന്നു. ഈ സംഘമാണ് പണം തട്ടിയെടുത്തത്.

സംഭവത്തിൽ പ്രതിയായ മണ്ണാർക്കാട് കൊടക്കാട് സ്വദേശി മുഹമ്മദ് ഷാഹിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ ഏഴ് പേർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിനുപുറമെ സൈബർ തട്ടിപ്പ് സംഘങ്ങളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.