കോഴിക്കോട്: ബീച്ചിലെ പൊതുസുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം ഇടപെടുന്നു. ബീച്ചിലെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി സിറ്റി പോലീസ് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ശനിയാഴ്ച വൈകീട്ട് ബീച്ചിൽ വിശദമായ പരിശോധന നടത്തി.
ഓപ്പൺ സ്റ്റേജ് മുതൽ ഭട്ട് റോഡ് വരെയുള്ള ഭാഗങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് നവംബർ ആദ്യവാരം പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
രാത്രികാലങ്ങളിൽ നിരവധി സന്ദർശകർ എത്തുന്ന ബീച്ചിന്റെ ഈ ഭാഗങ്ങളിൽ വെളിച്ചമില്ലാത്തത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സമൂഹവിരുദ്ധരുടെ സാന്നിധ്യം, നിരീക്ഷണ ക്യാമറകളുടെ അഭാവം, വാഹന പാർക്കിങ്ങിലെ ക്രമക്കേടുകൾ, നടപ്പാതകളിലെ തടസ്സങ്ങൾ എന്നിവയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഫ്രീഡം സ്ക്വയറിൽ മൂന്ന് പോസ്റ്റുകളിലായി സ്ഥാപിച്ച 18 ലൈറ്റുകളിൽ നാലെണ്ണം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.
കോതി ബീച്ച് മുതൽ പുതിയാപ്പ ഹാർബർ വരെയുള്ള മേഖലകളിലെ പൊതുസുരക്ഷ, രാത്രികാല സുരക്ഷ, ക്രമസമാധാനം, വൈദ്യുതി-ഭക്ഷ്യസുരക്ഷ, ശുചിത്വം, ഗതാഗതനിയന്ത്രണം, നടപ്പാതകളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കളക്ടർ പരിശോധന നടത്തിയത്.
കടൽസുരക്ഷയും 24 മണിക്കൂർ ലൈഫ് ഗാർഡ് സംവിധാനവും ഒരുക്കൽ, സിറ്റി പോലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച നിരീക്ഷണ സംവിധാനം, ഭക്ഷ്യസുരക്ഷാ പരിശോധന, താത്കാലിക കടകളുടെ നിയന്ത്രണം, ശാസ്ത്രീയ മാലിന്യസംസ്കരണം, വിനോദസഞ്ചാര സ്മാരകങ്ങളുടെ പരിപാലനം തുടങ്ങിയ വിഷയങ്ങളും പരിശോധിച്ചു.
ബീച്ചിലെ കച്ചവടക്കാർ ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കണമെന്നും കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിലവിൽ 90 കടകളിൽ 40 കടക്കാർക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പൊതുവഴികളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് പാചകം ചെയ്യുന്നത് അനുവദിക്കരുതെന്നും കളക്ടർ നിർദേശിച്ചു.
ഭക്ഷ്യമാലിന്യ സംസ്കരണത്തിനും അഴുക്കുവെള്ളം ഒഴുക്കുന്നതിനും ശാസ്ത്രീയ സംവിധാനങ്ങളില്ലെന്നും വാഹനങ്ങൾ നടപ്പാതകളിൽ നിർത്തിയിടുന്നത് കാൽനടയാത്രക്കാർക്ക് തടസ്സമാകുന്നുവെന്നും പൊതുജനങ്ങളും പോലീസും പരിശോധനയ്ക്കിടെ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. വൈകീട്ട് നാലുമുതൽ അഞ്ചരവരെ നീണ്ട പരിശോധനയിൽ ബീച്ചിലെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വിലയിരുത്തി.