കൊച്ചി: എറണാകുളം ഉൾപ്പെടെ നാല് ജില്ലകളിൽ നിന്ന് ശേഖരിച്ച കറിപൗഡറുകളിലും വെളിച്ചെണ്ണയിലും മനുഷ്യശരീരത്തിന് ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. കാക്കനാട് റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. എന്നാൽ, ക്രമക്കേട് കണ്ടെത്തിയ ബ്രാൻഡുകളുടെ വിവരങ്ങൾ ലഭ്യമല്ലെന്ന നിലപാടിലാണ് ലാബ് അധികൃതർ.

2021 ജനുവരി ഒന്ന് മുതൽ 2026 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്ന് പരിശോധനയ്ക്കായി എത്തിയ ഭക്ഷ്യപദാർത്ഥങ്ങളിലാണ് രാസവസ്തുക്കൾ സ്ഥിരീകരിച്ചത്. എഥിയോൺ, ഫെൻപ്രോപാത്ത്രിൻ, ക്ലോർപൈറിഫോസ് തുടങ്ങി മനുഷ്യശരീരത്തിന് ദോഷകരമായ കീടനാശിനികളുടെ അംശമാണ് ഇവയിൽ കണ്ടെത്തിയത്.

തിരിച്ചറിയാൻ സാധിക്കാത്ത വിധം മാസ്ക് ചെയ്താണ് സാമ്പിളുകൾ പരിശോധനയ്ക്ക് എത്തുന്നത് എന്നതിനാൽ ബ്രാൻഡുകളുടെ വിവരങ്ങൾ ലഭ്യമല്ലെന്നാണ് ലാബ് നൽകുന്ന വിശദീകരണം. എന്നാൽ, 2024-ൽ ഇതേ ലാബിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് നാമങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിരുന്നു. മലയാളികൾ വ്യാപകമായി ഉപയോഗിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ പേരുകളായിരുന്നു അന്ന് പുറത്തുവന്ന പട്ടികയിലുണ്ടായിരുന്നത്.

മുൻപ് പേരുകൾ പുറത്തുവിട്ട സാഹചര്യത്തിൽ, ഇപ്പോഴത്തെ വിശദീകരണത്തിൽ വ്യക്തത നൽകാൻ ലാബ് അധികൃതർക്ക് സാധിച്ചിട്ടില്ല.

ലാബിലെ പരിശോധനാ നിരക്കുകൾ കുത്തനെ കൂട്ടിയതും പരാതിക്കാരെ അകറ്റുന്നതായി ആക്ഷേപമുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് നേരത്തെ 2,124 രൂപയായിരുന്നു ഈടാക്കിയിരുന്നത്. 2024-ലെ നിരക്ക് പരിഷ്കരണത്തോടെ എണ്ണയുടെ പരിശോധനയ്ക്ക് 10,000 രൂപയും കറിപൗഡറുകളുടെ സാമ്പിളിന് 12,000 രൂപയും ഫീസ് ഉയർത്തി. ഹാനികരമായ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനികളെ സഹായിക്കാനാണ് ഇത്തരം നടപടികളെന്ന ആരോപണവും ശക്തമാണ്.