തൃശൂർ: ബി.ജെ.പി പ്രവേശനം തെറ്റായ തീരുമാനമായിരുന്നെന്നും തന്റെ നിലപാടിലൂടെ വേദനിപ്പിക്കപ്പെട്ട ഓരോ കോൺഗ്രസ് പ്രവർത്തകരോടും ക്ഷമ ചോദിക്കുന്നുവെന്നും പത്മജ വേണുഗോപാൽ.

കെ. കരുണാകരൻ എന്ന വ്യക്തിയെയും എന്നെയും സ്നേഹിച്ച നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്ന തിരിച്ചറിവാണ് ഒരു മടങ്ങി വരവിന് തയ്യാറെടുത്തത്. പല ഭാഗങ്ങളിൽ നിന്നുമുള്ള കോൺഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്നു. ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും ക്ഷമാപണം നടത്തുന്നു - പത്മജ പറഞ്ഞു.

ബി.ജെ.പി വിടുകയാണെന്ന് പ്രഖ്യാപിച്ച പത്മജയെ പദവിയൊന്നും വാഗ്ദാനം ചെയ്യാതെ തിരിച്ചെടുക്കാൻ കെ.പി.സി.സി തീരുമാനിച്ചിരുന്നു. അതേസമയം, ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും പത്മജയെ തിരിച്ചെടുക്കുന്നതിൽ എതിർപ്പുണ്ടായിരുന്നു. പത്മജയുടെ മുൻ നിലപാടുകളും പ്രസ്താവനകളും ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. തെറ്റ് സമ്മതിച്ച ശേഷം തിരികെ വരണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്മജ ക്ഷമ ചോദിച്ചിരിക്കുന്നത്.

വികാരപരമായ ഒരു നിമിഷത്തിലെടുത്ത തെറ്റായ തീരുമാനമായിരുന്നു ബി.ജെ.പി പ്രവേശനം എന്ന് രാജിവെച്ച വേളയിൽ താൻ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണെന്ന് പത്മജ പറഞ്ഞു. ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല, മരിച്ച് ഒരു കോൺഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് എന്റെ മനസ്സിലുള്ളത്. അടുത്ത മാസം അച്ഛന്റെ ചരമ വാർഷിക വേളയിൽ എന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തിൽ ആദരവ് അർപ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യം - പത്മജ പറഞ്ഞു.