മലപ്പുറം: ഫേസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ശരീരത്തിൽ മെർക്കുറി വിഷബാധയേറ്റ് പതിനേഴുകാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി വാങ്ങിയ സൗന്ദര്യവർദ്ധക ക്രീം ഒരു വർഷത്തോളം തുടർച്ചയായി ഉപയോഗിച്ചതിന് പിന്നാലെയാണ് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയത്.

തുടർന്ന് നടത്തിയ വിശദമായ വൈദ്യപരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ മെർക്കുറിയുടെ അളവ് അപകടകരമാംവിധം ഉയർന്നതായി കണ്ടെത്തുകയായിരുന്നു. പെൺകുട്ടി ഉപയോഗിച്ച ക്രീം ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴും ഇതിൽ അനുവദനീയമായതിലും അമിതമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.

സംഭവത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ വിവിധ വകുപ്പുകൾക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി, ഡ്രഗ്‌സ് കൺട്രോളർ, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, കുട്ടി ചികിത്സ തേടിയ ആശുപത്രിയിലെ സൂപ്രണ്ട് എന്നിവരോടാണ് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടിയിരിക്കുന്നത്.

അതേസമയം, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വിളിച്ചുവരുത്തുന്ന സൗന്ദര്യവർദ്ധക ക്രീമുകൾ വിപണിയിൽ വ്യാപകമാകുന്നത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കടുത്ത അലംഭാവം കൊണ്ടാണെന്ന വിമർശനം ശക്തമാകുന്നുണ്ട്. മെർക്കുറി (രസം) അടക്കമുള്ള വിഷഘനലോഹങ്ങളും വീര്യം കൂടിയ സ്റ്റിറോയിഡുകളും ഇത്തരം ക്രീമുകളിൽ അപകടകരമായ തോതിൽ ചേർക്കുന്നുണ്ടെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.

കേന്ദ്ര സർക്കാർ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ അനുവദനീയമായതിലും പലമടങ്ങ് കൂടുതലായി മെർക്കുറിയും ലെഡും കണ്ടെത്തിയിട്ടും, ഇവയുടെ വിൽപന തടയുന്നതിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം അനാസ്ഥ തുടരുകയാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.