മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ച് പതിനേഴുകാരിക്ക് വൃക്കരോഗം ബാധിച്ചതിൽ കേസെടുക്കാൻ പൊലീസ്. കുട്ടി ഉപയോഗിച്ച ക്രീമിന്റെ സാമ്പിൾ ഇന്ന് പരിശോധനയ്ക്ക് അയക്കും. വീട്ടിലെത്തിയ അരീക്കോട് പൊലീസ് പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ തേടി. പരാതിയിൽ പൊലീസ് ഉടൻ കേസെടുത്തേക്കും.

ഇന്നലെ ആരോഗ്യവകുപ്പും സംഭവത്തിൽ ഇടപെട്ടിരുന്നു. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡ്രഗ് കൺട്രോളറെ ചുമതലപ്പെടുത്തി. പെൺകുട്ടി ഉപയോഗിച്ച ക്രീം ഓൺലൈൻ വഴിയാണോ വാങ്ങിയതെന്നും ഇത് വിദേശ നിർമിതമാണോ അതോ ഇന്ത്യൻ നിർമിതമാണോ എന്ന് പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കൂടാതെ, ഉൽപ്പന്നത്തിന് ഡ്രഗ് കൺട്രോളറുടെ ഔദ്യോഗിക അനുമതി ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിൽ വരും. ഡ്രഗ് കൺട്രോളറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷം തിങ്കളാഴ്ച പ്രത്യേക വിദഗ്ധ സമിതിയെ നിയമിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.